Skip to main content

രക്ഷാബന്ധൻ മഹോത്സവം.


രാഷ്ട്രം മുഴുവൻ എകാത്മതയുടെ ഭാവം ഉണർത്തി കൊണ്ട് ഊഷ്മളമായ സ്നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നിറപ്പകിട്ടുകളോടെ രക്ഷാബന്ധൻ മഹോത്സവം   ഭാരതമെമ്പാടും മാത്രമല്ല മറുനാടൻ ഭാരതീയരും ആഗോളതലത്തിൽ ആഘോഷിക്കുകയാണ്. ശ്രാവണ മാസത്തിലെ ഈ പൗർണമി നാളിൽ മുഴുവൻ ഭാരത വർഷവും ഒരേ സാംസ്കാരിക ധാരയിലേക്ക് ലയിച്ചു ചേരുന്നു. നമുക്ക് ഏവർക്കും അറിയാവുന്നത് പോലെ പവിത്രമായ സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണത തന്നെയാണ് രക്ഷാബന്ധൻ നമ്മോടു പറയുന്നത്. ഇന്നത്തെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയിൽ പ്രത്യേകിച്ചും കുടുംബ ജീവിത പശ്ചാത്തലങ്ങളിൽ ഇത്തരം ആഘോഷങ്ങളുടെ മഹത്വം എത്ര ഉയരത്തിലാണെന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു.ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം നമുക്ക് പകർന്നു നൽകിയ പുരാണേതിഹാസങ്ങളിലൂടെ തുടങ്ങുന്നു ഇതിന്റെ ചരിത്രവും. പൗരാണീകതയിൽ തുടങ്ങി മധ്യ ചരിത്ര കാലഘട്ടത്തിലൂടെ നമ്മുടെ മുൻപിൽ എത്തി നിൽക്കുകയാണ് ഇതുമായി ബന്ധപ്പെട്ട കഥകളും, ചരിത്ര സംഭവങ്ങളും. എല്ലാ മതവിഭാഗങ്ങളുടെയുമിടയിൽ സ്നേഹ സാഹോദര്യങ്ങൾ പുനഃസ്ഥാപിക്കുവാൻ വേണ്ടി രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതനിൽ രക്ഷാബന്ധൻ  ആചരിക്കുമായിരുന്നു. ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില് രക്ഷാബന്ധൻ അറിയപ്പെടുന്നത്. തീർത്തും ഭാരതീയ ആദർശങ്ങളിൽ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധൻ. രജപുത്ര സൈനികർ യുദ്ധത്തിന് പുറപ്പെടും മുൻപ് രജപുത്ര വനിതകൾ യോദ്ധാക്കളുടെ നെറ്റിയിൽ സിന്ദൂര തിലകം ചാർത്തിയ ശേഷം വലതു കൈയ്യിൽ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവർക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന് അതു സ്വീകരിക്കുന്ന ആൾക്ക് ബാധ്യതയുണ്ട് എന്നാണ് വിശ്വാസം.മറ്റൊരു ഐതിഹ്യം,  അതിശക്തമായ ദേവാസുര യുദ്ധം നടക്കുന്ന സമയം. അസുരന്മാരുടെ കടുത്ത ആക്രമണത്തിൽ മനം മടുത്തു, പരാജിത ചിത്തനായി ദേവലോകത്തെത്തിയ ദേവേന്ദ്രന്റെ കൈയിൽ ഇന്ദ്ര പത്നി ഇന്ദ്രാണി ഒരു പട്ടു നൂൽ കെട്ടി കൊടുത്തു കൊണ്ട് പറഞ്ഞു " ഇത് അങ്ങേയ്ക്കും ദേവകുലതിനുമുള്ള രക്ഷയാണ്". ഇത് കേട്ട് ആത്മവീര്യം ഉണർന്ന ദേവന്മാര് ദേവേന്ദ്രന്റെ നേതൃത്വത്തിൽ അസുര വംശജരെ പരാജയപ്പെടുത്തുകയും ധർമ്മ സംരക്ഷണം നടത്തുകയും ചെയ്തതായി പുരാണങ്ങളിൽ പറയുന്നു.
മറ്റൊരു കഥ വിഷ്ണു പുരാണത്തിൽ നിന്നുമാണ്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവർത്തി തന്റെ സാമ്രാജ്യത്തിന്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കൽ ഭഗവാനോട് ആവശ്യപ്പെട്ടു. ഭക്തവത്സലനായ ഭഗവാൻ ലക്ഷ്മി ദേവിയും വൈകുണ്ഠത്തെയും ഉപേക്ഷിച്ചു കൊണ്ട് കർത്തവ്യ നിർവഹണത്തിനായി ബാലിക്കരുകിലേക്ക് പോയി. ഇതില് ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തിൽ ബലിയുടെ അരികിൽ എത്തുകയും തനിക്കു സംരക്ഷണം നൽകണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെശ്രാവണ പൗർണ്ണമി ദിനത്തിൽ ചക്രവർത്തി ബലിയുടെ കൈയിൽ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താൻ ആരാണെന്നും, തന്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് ശ്രവിച്ചു ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തിൽ പറയുന്നു. മറ്റൊന്ന് ,ഭഗവാൻ കൃഷ്ണനും പാണ്ടവ പത്നിയായ ദ്രൗപതിയും തമ്മിലുള്ള സാഹോദര്യ ബന്ധം മഹാഭാരതത്തിലെ മഹത്തായ ഒരു അധ്യായമാണ്. ഒരിക്കൽ ശിശുപാലനുമായുണ്ടായ യുദ്ധത്തിൽ  ഭഗവാന് പരിക്കേല്ക്കുകയും കൈയിൽ നിന്നും രക്ത സ്രാവം ഉണ്ടാകുകയും ചെയ്തു. ഇത് കണ്ട ദ്രൗപതി തന്റെ ചേലയിൽ നിന്നും കീറിയെടുത്ത ഒരു കഷണം പട്ടുകൊണ്ട് ഭഗവാന്റെ കൈയിൽ കെട്ടി കൊടുത്തു. ദ്രൗപതിയുടെ നിഷ്കളങ്കമായ സഹോദരവായ്പു തിരിച്ചറിഞ്ഞ ഭഗവാൻ, അവർക്ക് ആവശ്യം വരുന്ന സമയത്ത് ഒന്ന് സ്മരിച്ചാൽ മതിയെന്ന വരവും നൽകി. വസ്ത്രാക്ഷേപ സമയത്ത് ദ്രൗപതി, കൃഷ്ണനെ സ്മരിക്കുകയും, ഭഗവാൻ കൃഷ്ണൻ ആ കടം വീട്ടി അവരെ വലിയൊരു അപമാനത്തിൽ നിന്നും രക്ഷിക്കുകയും ചെയ്തു. ചരിത്രപരമായി നോക്കുമ്പോൾ രക്ഷാബന്ധൻ ചരിത്രത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമാണ് ചിതോർ റാണി കർണാവതിയും, മുഗൾ ചക്രവർത്തി ഹുമയൂണും തമ്മിലുള്ളത്. ഒരിക്കൽ ഗുജറാത്തിലെ ബഹദൂർ ഷാ ചിതോരിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇസ്ലാമിക കടന്നു കയറ്റത്തിനെതിരെ എന്നും പോരാടിയിട്ടുള്ള രാജപുത്രന്മാർക്ക് ഇത്തവണ രാജ്യത്തിന്റെയും, പ്രജകളുടെയും മാനം സംരക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കി കൊണ്ട് കർണാവതി, ഹുമയൂണിനു രാഖി അയച്ചു കൊടുത്തതായും പറയപ്പെടുന്നു. ഇത് ഹുമയൂണിന്റെ ഹൃദയത്തെ സ്പർശിക്കുകയും, വേഗം തന്നെ തന്റെ സൈന്യത്തെ ചിതോറിന്റെ സംരക്ഷണത്തിനായി വിട്ടു കൊടുക്കുകയും ചെയ്തു.ഒരു പക്ഷെ, രാഖിയുടെ മഹത്വം നമ്മൾ മനസിലാക്കിയില്ലായിരുന്നെങ്കിൽ വിശ്വ  വിജയിയായിരുന്ന  അലക്സാണ്ടർ ചക്രവര്ത്തിയുടെ ശവകുടീരം ഭാരതത്തിലാവുമായിരുന്നു. ബി സി മുന്നൂറുകളിൽ ഭാരതത്തെ ആക്രമിച്ച അദ്ദേഹത്തിനു പുരുഷോത്തമ മഹാരാജാവിൽ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. തന്റെ പതിയുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ അദ്ധേഹത്തിന്റെ പത്നി പവിത്രമായ രാഖി പുരുഷോത്തമ മഹാരാജാവിനു അയച്ചു കൊടുക്കുകയും തന്റെ പതിയുടെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവസാന യുദ്ധ സമയത്ത് അലക്സാണ്ടറെ വധിക്കാൻ കരവാൾ ഉയർത്തിയപ്പോൾ തന്റെ കൈയിലെ പട്ടുനൂൽ കാണുകയും, പുരുഷോത്തമ മഹാരാജാവ് ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങിയതായും ചരിത്രം പറയുന്നു. രാഖിയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മുഹൂർത്തമായിരുന്നു സ്വാതന്ത്ര്യ സമരകാലം നമുക്ക് കാണിച്ചു തന്നത്. ബ്രിടീഷുകാരുടെ "വിഭജിച്ചു ഭരിക്കുക" എന്ന നയത്തിന്റെ ഭാഗമായി 1905 ല് ബംഗാളിനെ മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി വിഭജിച്ചു. ഇതിനെതിരെ രവീന്ദ്ര നാഥ ടാഗോറിന്റെ നേതൃത്വത്തിൽ, ശ്രാവണ പൂർണ്ണിമ ദിവസം ഏതാണ്ട് ബംഗാളിലെ മുഴുവൻ ജനങ്ങളും ജാതീയത ഇല്ലാതെ, ഹിന്ദുവെന്നോ മുസ്ലിം എന്നോ പറയാതെ ഗംഗയിൽ മുങ്ങി, പരസ്പരം രാഖി ബന്ധിച്ചു, വന്ദേ മാതരം മുഴക്കി കൊണ്ട് സമരമുഖത്തെക്കിറങ്ങി. ഈ വമ്പിച്ച ജന മുന്നേറ്റം കണ്ടു ഭയന്ന ബ്രിടീഷ് സാമ്രാജ്യത്തിനു 1906 ൽ തങ്ങളുടെ ഉത്തരവ് പിൻവലിച്ചു ബംഗാൾ വിഭജനം റദ്ധാക്കേണ്ടി വന്നു. പക്ഷെ ദുഷ്ട ലാകോട് കൂടിയുള്ള ചില കുബുദ്ധികളുടെ പ്രവര്ത്തനം കൊണ്ട്, ഒഴിവാകാമായിരുന്ന ഒരു വൻവിപത്ത് സംഭവിക്കുകയും 1947 ൽ രാഷ്ട്രം വിഭജിക്കപ്പെടുകയും ചെയ്തത് ചരിത്രമാണല്ലോ?  അങ്ങനെ അനേകം കഥകളും മുഹൂർത്തങ്ങളും കൊണ്ട് സമ്പുഷ്ടമാണ് രക്ഷാബന്ധന്റെ ചരിത്രം. രക്ഷാബന്ധന ദിനത്തിൽ അതിരാവിലെ തന്നെ കുളികളിഞ്ഞെത്തുന്ന സ്ത്രീകൾ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കു ശേഷം മന്ത്രജപത്തോടെ സഹോദരനെ ആരതിയുഴിഞ്ഞ് വലതു കൈയ്യില് രാഖി ബന്ധിച്ചുകൊടുക്കുന്നു. ശ്രാവണ പൗർണ്ണമി ദിവസമാണ് രക്ഷാബന്ധൻ ദിനമായി ആചരിക്കുന്നത്. ആവണി അവിട്ടം, നാരിയൽ പൂർണ്ണിമ എന്നീ പേരുകളിലും ശ്രാവണ പൂർണ്ണിമ ആഘോഷിക്കുന്നു.
രാഖിയെ  ഹിന്ദു  വർഗീയതയുടെ ചിഹ്നമായി കാണാതെ, ഭാരതീയ സാഹോദര്യത്തിന്റെ,പരസ്പര സ്നേഹത്തിന്റെ, വിശ്വാസതയുടെ രക്ഷാകവചമായി തീരട്ടെ.


Comments

Popular posts from this blog

രാഷ്ട്രീയ സ്വയംസേവക സംഘം അഥവാ ആർ എസ് എസ്

ശാഖ ●●●●●●● ശാഖ എന്നത് ശിഖരം(branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് സംഘശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘശാഖ. സംഘശാഖയിൽ പങ്കെടുക്കുന്ന വ്യക്തികളെ സ്വയംസേവകർ എന്ന് വിളിക്കുന്നു. “വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം” എന്ന ആശയമാണ് സംഘശാഖകൾ പ്രതിനിധാനം ചെയ്യുന്നത്. “ഒരു ദിവസത്തിൽ 23 മണിക്കൂർ സ്വന്തം കാര്യങ്ങൾക്കായി ചിലവഴിക്കുമ്പോൾ, ഒരു മണിക്കൂർ രാഷ്ട്രത്തിനായി മാറ്റി വെയ്ക്കുക” എന്നതാണ് ദിനേന ഒരു മണിക്കൂർ വീതം നടക്കുന്ന ശാഖകളുടെ ഉദ്ദേശം. ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ട് . യോഗ, വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും, സുഭാഷിതം, ദേശഭക്തിഗാനങ്ങൾ, അമൃതവചനം, കഥകൾ, പ്രാർത്ഥന തുടങ്ങിയവ കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്. പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുക...